മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തി ; ഡോളര്‍ കേസില്‍ പ്രതി സരിത്തിന്റെ മൊഴി

വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്ന് ഡോളര്‍ കടത്ത് കേസില്‍ സരിത്തിന് കസ്റ്റംസ് നല്‍കിയ മൊഴി പുറത്ത്.കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും ഒരു പൊതി കൈപ്പറ്റാന്‍ സ്വപ്‌ന സുരേഷ് നിര്‍ദേശിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. ഇക്കാര്യത്തില്‍ സമാനമായ രീതിയില്‍ സ്വപ്ന നല്‍കിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴി തള്ളി സി.പി.എമ്മും സി.പി.ഐയും. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് രാഷ്ട്രീയ വിധേയത്വം കൊണ്ടാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നിം വിജയരാഘവന്‍ ആരോപിച്ചു. ഒരു കേസിലെ പ്രതിയുടെ മൊഴിക്ക് പ്രാധാന്യം നല്‍കണോയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്. 017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.