ഓണത്തിന് മുമ്പ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉടമകള്‍
തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് തീയറ്റര്‍ ഉടമകള്‍. ഓണത്തിന് മുമ്പ് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഉടമകളുടെ യോഗത്തിന് ശേഷം ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. വൈദ്യൂതി ഫിക്‌സഡ് ചാര്‍ജിലും വിനോദ നികുതിയിലും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ തീയറ്ററുകള്‍ തുറക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെതുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍.
ഓണം സീസണ്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ എങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. പക്ഷേ ടൂറിസം കേന്ദ്രങ്ങളും മാളുകളും തുറന്നിട്ടും തീയറ്ററുകള്‍ക്ക് മാത്രം തുറക്കാന്‍ അനുമതി കിട്ടിയില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയാണ് സിനിമ മേഖല. തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്താല്‍ ഉടമകളുടെ സംഘടന അതിനെ എതിര്‍ക്കില്ല. എന്നാല്‍ തീയറ്ററുകള്‍ തുറന്ന ശേഷം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. ഇത്തരത്തില്‍ സിനിമ റിലീസ് ചെയ്യുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കി.
നിലവില്‍ ചിത്രീകരണം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുന്നത് എഴുപതിലധികം മലയാള ചിത്രങ്ങളാണ്. ഇതോടൊപ്പം മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയെല്ലാം തീയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ്. തീയറ്ററുകള്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ മാലിക് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ഇനിയും തീയറ്ററുകള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒ ടി ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോയെന്ന ആശങ്ക ഉടമകള്‍ക്കുമുണ്ട്.