സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇ ഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇഡി കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പി്ന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. ഇഡിക്ക് ഇത്തരത്തിലൊരു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം.

ഇതേ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലായിരുന്നു ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം. ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.