വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി
വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രണയ ലേഖനം നല്‍കുന്നത് മാന്യതക്ക് നിരക്കുന്നതല്ലെന്നും അത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും ബോംബൈ ഹൈക്കോടതിയുടെ വിധി. 2011ലെ അകോല കേസുമായി ബന്ധപ്പെട്ട വിധിയിലാണ് ബോംബൈ ഹൈക്കോടതിയുടെ ഇത്തരത്തില്‍ ഉള്ള പരാമര്‍ശം. സ്ത്രീയുടെ മാന്യത എന്നത് വിലപ്പെട്ടതാണ്. അതിനെതിരെ കടന്നുകയറ്റം ഉണ്ടായോ എന്നത് കണ്ടെത്തുന്നതിന് പ്രത്യേക മാനദണ്ഡം ഇല്ലെന്നും കോടതി വ്യക്തമാക്കി. 2011 ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 45 വയസ്സുള്ള സ്ത്രീ പാത്രം കഴുകികൊണ്ടിരിക്കെ കട ഉടമയായ ശ്രീകൃഷ്ണ തിവാരി പ്രണയ ലേഖനം കൈമാറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീ ഇത് വാങ്ങാന്‍ വിസ്സമ്മതിച്ചു. അതോടെ തിവാരി പ്രണയ ലേഖനം എറിഞ്ഞുകൊടുക്കുകയും ‘ഐ ലവ് യൂ’ എന്ന് പറയുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തിവാരി സ്ത്രീയോട് അശ്ലീല ആംഗ്യം കാണിച്ചതായും പ്രണയ ലേഖനത്തിന്റെ കാര്യം ആരോടും പറയരുതെന്നും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ഐ.പി.സി സെക്ഷന്‍ 354,509, 506 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 2018 ല്‍ സെഷന്‍സ് കോടതി കട ഉടമക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. പിഴ തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സെഷന്‍സ് കോടതി വിധിക്കെതിരെ തിവാരി അപ്പീല്‍ നല്‍കി. തന്റെ കടയില്‍ നിന്നും കടമായി സാധനങ്ങള്‍ വാങ്ങിയ സ്ത്രീ പണം മടക്കി നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ കള്ളക്കേസ് നല്‍കുകയായിരുന്നെന്നും തിവാരി വാദിച്ചെങ്കിലും സ്ത്രീയെ അവിശ്വസിക്കാന്‍ തക്കതായ തെളിവുകളൊന്നുമില്ലെന്ന് കോടതി വാദിച്ചു. അതെ സമയം തിവാരി 45 ദിവസം ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി ശിക്ഷ അനുഭവിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.