വിവാഹജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക ബന്ധം നിയമവിരുദ്ധമല്ല എന്ന് മുംബൈ കോടതി

നിര്‍ബന്ധിത ലൈംഗിക ബന്ധം വിവാഹിതരില്‍ കുറ്റകരമല്ലെന്ന നിരീക്ഷണവുമായി മുംബൈ കോടതി. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ടിന്റേതാണ് നിരീക്ഷണം. ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലാണ് കോടതി നിരീക്ഷണം നടത്തിയത്. ഭര്‍ത്താവ് നിയമവിരുദ്ധമായ ഒന്നും ചെയ്തില്ലെന്നായിരുന്നു കേസ് പരിഗണിക്കുന്ന വേളയില്‍ കോടതി നിരീക്ഷണം. തുടര്‍ന്ന് ഭര്‍ത്താവിന് കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 22നാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം തനിക്ക് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.

ഇതിനിടെയാണ് ഭര്‍ത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ജനുവരി 2 ന് ദമ്പതികള്‍ മുംബൈയ്ക്കടുത്തുള്ള ഹില്‍ സ്റ്റേഷനായ മഹാബലേശ്വറിലേക്ക് പോയി. അവിടെ വച്ചും ഭര്‍ത്താവ് ഇത് ആവര്‍ത്തിച്ചു. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് അരക്ക് താഴെ പക്ഷാഘാതം ബാധിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ യുവാവിനെതിരേയും കുടുംബത്തിനെതിരേയും യുവതി പൊലീസില്‍ പരാതി നല്‍കി. സ്ത്രീധന പീഡനം ആരോപിച്ചായിരുന്നു കുടുംബാംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭര്‍ത്താവും കുടുംബവും കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

യുവതിയോട് എത്ര തുകയാണ് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിര്‍ബന്ധിത ലൈംഗികബന്ധം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. അതിനാല്‍ യുവതിയുടെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. യുവതിയ്ക്ക് പക്ഷാഘാതം സംഭവിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ഭര്‍ത്താവും കുടുംബവും ഇതിന് ഉത്തരവാദികളാകാന്‍ കഴിയില്ല. ആരോപണങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ല. അന്വേഷണ സമയത്ത് സഹകരിക്കാന്‍ പ്രതികള്‍ തയ്യാറാണ് എന്നും ജഡ്ജി പറഞ്ഞു.