കനത്ത സുരക്ഷയില്‍ സ്വാതന്ത്ര്യദിനാഘോഷം

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി ഭാരതം. കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സ്മരണകള്‍ ഓര്‍ത്തെടുക്കാന്‍ രാജ്യതലസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങളും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. വഴിയോരങ്ങളിലും മൂവര്‍ണ പതാക നിറഞ്ഞു കഴിഞ്ഞു.

ഡല്‍ഹിയിലെ ഓഫീസുകളും മൂവര്‍ണ പ്രഭയിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളില്‍ 100 അടി ഉയരമുള്ള തൂണില്‍ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രാജ്യ തലസ്ഥാനം പഴുതടച്ച നിരീക്ഷണത്തിലാണ്. ചെങ്കോട്ട മുമ്പൊന്നും കാണാത്തവിധം സുരക്ഷാവലയത്തിലാണ്. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രധാന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് വിന്യാസവും ശക്തമാണ്. പുറത്തുനിന്ന് വരുന്നവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. കൊവിഡ് സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാല്‍ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ നേട്ടമാണ് കായികതാരങ്ങള്‍ നേടിയതെന്നും പറഞ്ഞു. രാജ്യത്ത് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് നേട്ടമാണെന്നും പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.