അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി ഭരണകൂടം
അബുദാബിയിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചു ഭരണകൂടം. ഓഗസ്റ്റ് 15 മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം നിബന്ധനകളാണുള്ളത്.
വാക്‌സിനെടുത്തിട്ടുള്ള ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ ഉടന്‍ പി.സി.ആര്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. അബുദാബിയിലെത്തിയതിന്റെ ആറാം ദിവസം പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ പ്രവേശിച്ച ഉടന്‍ പി.സി.ആര്‍ പരിശേധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ആറാം ദിവസം പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം.
ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്‌സിനെടുക്കാത്തവര്‍ അബുദാബിയിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്തണം. ഇവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ ആറാം ദിവസവും ഒന്‍പതാം ദിവസവും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയിലെത്തിയ ഉടന്‍ പി.സി.ആര്‍ പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. ഒന്‍പതാം ദിവസം അടുത്ത പി.സി.ആര്‍ പരിശോധന നടത്തണമെന്നും പുതിയ അറിയിപ്പ് വ്യക്തമാക്കുന്നു.