ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരണം ; ജീവിതം വഴിമുട്ടി വീട്ടമ്മ
മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത് കാരണം ജീവിതം വഴിമുട്ടി വീട്ടമ്മ. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്.
ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. ദിവസവും 50 കോളുകള്‍വരെയാണ് ഫോണില്‍ വരുന്നത്. ഒരേനമ്പരില്‍നിന്നുതന്നെ 30-ഉം അതിലധികവും കോളുകള്‍. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം. പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തില്‍ ഇവര്‍ പ്രതികരിച്ചത്.
അതേസമയം വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.