സദാചാരഗുണ്ടകളുടെ മര്‍ദനത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കി
മലപ്പുറത്ത് സദാചാര പോലീസിംഗിനെ തുടര്‍ന്ന് അധ്യാപകന്‍ ജീവനൊടുക്കി.മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വേങ്ങര ആശാരിപ്പടി മൂര്‍ത്തി നഹ്മത്ത് നഗര്‍ സ്വദേശി സുരേഷ് കുമാറാണ് (സുരേഷ് ചാലിയം) ആത്മഹത്യ ചെയ്തത്. 52 വയസ്സായിരുന്നു. വാട്ട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥിയുടെ അമ്മയോട് ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം ഇദ്ദേഹത്തെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരേഷ് ജീവനൊടുക്കിയത് എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു.
ഇന്ന് രാവിലെ ആണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പ്രകാശ് പറഞ്ഞു. അവിഹിതം ആരോപിച്ചാണ് ആക്രമിച്ചത്. വാട്ട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥിയുടെ അമ്മയോട് സുരേഷ് മാഷ് ചാറ്റ് ചെയ്തു എന്ന് ആയിരുന്നു ആരോപണം. മര്‍ദിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കാറില്‍ കയറ്റി പി ടി എ പ്രസിഡന്റിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക ആയിരുന്നു.
പി ടി എ പ്രസിഡന്റിന്റെ വീട്ടിലെത്തിച്ച ശേഷവും ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആണ് സുരേഷ് മാഷിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖത്തും കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ സുരേഷ് കുമാറിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കയ്യിലെ മുറിവിന് തുന്നല്‍ ഇടുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ സുരേഷ് ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയത് എന്ന് സഹോദരന്‍ പ്രകാശ് പറയുന്നു. പ്രദേശവാസികള്‍ തന്നെയാണ് മര്‍ദിച്ചത് . ഇവര്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യം ശക്തമാണ്.
സിനിമാ സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും.സംഭവത്തില്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുക ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.നളിനി മാതാവും പ്രജീത ഭാര്യയുമാണ്. ദേവസൂര്യ, ധ്യാന്‍ ചന്ദ്ര എന്നിവര്‍ മക്കളും ഷാജി മറ്റൊരു സഹോദരനുമാണ്.