മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ മരിച്ചു. പുഴുവരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും കഴിഞ്ഞില്ല. ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലിരിക്കെയാണ് അനില്‍കുമാര്‍ ശനിയാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വീട്ടില്‍ വീണതിനെതുടര്‍ന്ന് അനില്‍കുമാറിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങി വന്ന ശേഷമായിരുന്നു അനില്‍കുമാര്‍ വീട്ടില്‍ വീണ് പരിക്കേറ്റത്.

ഇതിനുശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ അനില്‍കുമാര്‍ പോസിറ്റീവായി. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് അനില്‍കുമാറിനെ പുഴുവരിച്ചത്. അനില്‍കുമാറിനെ ആരോഗ്യപ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഇതാണ് പുഴുവരിക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. അനില്‍കുമാറിന് ആവശ്യമായ ചികിത്സ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പ് വരുത്തിയില്ലെന്ന പരാതിയുമുയര്‍ന്നു. നേരത്തെ അനില്‍കുമാറിനെ പുഴുവരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു. സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു.