അഫ്ഗാന്‍ പിടിച്ചെടുത്തു താലിബാന്‍ ; അഷ്‌റഫ് ഗനി രാജി വയ്ക്കും

താലിബാന് കീഴടങ്ങി അഫ്?ഗാന്‍ സര്‍ക്കാര്‍. അഫ്?ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജി വയ്ക്കും. ചുമതല ഇടക്കാല സര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ ന?ഗരം കൂടി താലിബാന്‍ കീഴടക്കിയിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂള്‍ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഎന്‍ രക്ഷാസമിതി യോഗം വിളിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രത്യേക വിമാനങ്ങളില്‍ ഉദ്യോഗസ്ഥരെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.

മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാന്‍ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങള്‍ അതിവേഗം കീഴടക്കാന്‍ താലിബാന് കഴിഞ്ഞത്. അഫ്ഗാന്‍ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്റെ വക്കിലാണ് കാബൂള്‍. അതേസമയം ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. താലിബാന്‍ ആക്രമണം നടക്കുന്ന മാസര്‍ ഐ ഷരീഫില്‍ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജര്‍മനിയും തന്റെ പൗരന്മാരോട് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജര്‍മന്‍ പൗരന്മാര്‍ക്കായി പ്രത്യേക വിമാനം തയാറാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.