ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം ; എകെജി സെന്ററില്‍ ദേശീയ പതാക
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 1947 ല്‍ പി കൃഷ്ണപിള്ള പതാക ഉയര്‍ത്തിയിട്ടുണ്ട്. ത്യാഗനിര്‍ഭര പ്രവര്‍ത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാര്‍ഷിക പരിഷ്‌കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.
പതാക ഉയര്‍ത്തലില്‍ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളില്‍ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്‍. പി കെ ശ്രീമതി, എം. സി ജോസഫൈന്‍ സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ല എന്ന നിലപാടിലായിരുന്നു ഇത്രയും കാലം ദിനാചരണത്തില്‍ നിന്ന് സിപിഎം വിട്ടുനിന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ബംഗാളില്‍ ഉള്‍പ്പടെ എതിരാളികളില്‍നിന്ന് വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായി ഔദ്യോഗികമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിഞ്ഞ ആഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റിയിലാണ് സിപിഎം തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്താനാണ് തീരുമാനിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടാകുമ്പോഴാണ് സിപിഎം കേന്ദ്ര കമ്മിറ്റി ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പശ്ചിമ ബംഗാള്‍ ഘടകമാണ് ഈ തീരുമാനത്തിന് മുന്‍കൈ എടുത്തത്.