കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ് ; ഏഴ് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്. ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. യുഎസ് സൈനികരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ന് രാവിലെ യുഎസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടിറേസ് ആവശ്യപ്പെട്ടു. അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികള്‍ രാജ്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഗുട്ടിറേസ് പറഞ്ഞു. അഫ്ഗാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി ചേരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ അരാജകത്വമെന്ന് കൌണ്‍സിലിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു.
ഇന്ന് രാവിലെ നാടുവിടാന്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം കീഴടക്കി കൊടി നാട്ടിയതോടെയാണ് അഫ്ഗാനിസ്താന്‍ സമ്പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലായത്. പുറത്തേക്ക് രക്ഷപ്പെടാന്‍ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തുന്നതോടെ കാബൂള്‍ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥയാണ്.
അഷ്റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ‘അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ’ എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും വേഗത്തില്‍ അവരുടെ എംബസി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെ കൂടി സംരക്ഷിക്കുമെന്ന് അമേരിക്ക വാഗ്ദാനം നല്‍കിയിരുന്നു. അവരെല്ലാം കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതോടെ വലിയ തിക്കുംതിരക്കുമായി. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ യു.എസ് സേന ആകാശത്തേക്ക് വെടിവെച്ചു. ഈ സംഘര്‍ഷത്തിലാണ് രാവിലെ അഞ്ചു പേര്‍ മരിച്ചത്.യുദ്ധം അവസാനിച്ചെന്നും പൊതുജനം സുരക്ഷിതരായിരിക്കും എന്നുമാണ് താലിബാന്‍ നേതാവ് മുല്ലാ ബരാദറിന്റെ പ്രഖ്യാപനം. മുല്ലാ ബരാദറാകും അഫ്ഗാനിസ്താന്റെ അടുത്ത ഭരണത്തലവന്‍ എന്നാണ് സൂചന.