ബിജെപിക്ക് പിന്നാലെ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ ബി ജെ പി കാര്യാലയത്തില്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തിരുന്നു. സുരേന്ദ്രന്‍ ഫ്‌ലാഗ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അതിനിടെയാണ് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവിനും സമാനമായ അമളി പറ്റിയത്. പക്ഷെ കേരളത്തിലല്ല, ബംഗാളിലാണ് സംഭവം. സി പി എം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസാണ് പതാക തലകീഴായി ഉയര്‍ത്തിയത്. കെ സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും ചെയ്തു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കിട്ടു. 1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി പി എം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എ കെ ജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി പി എം പതാകയോടു ചേര്‍ന്നാണ്. ഇതിന് പിന്നാലെ ഫ്‌ലാഗ് കോഡ് ലംഘിച്ചതിന് സി പി എമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.