ഹെയ്തി ഭൂചലനത്തില്‍ മരണം 1200 കടന്നു

കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 5700 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹെയ്തിയിലുണ്ടാത്. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്സില്‍ ജനങ്ങള്‍ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ലെസ് കെയ്‌സില്‍ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്നു.

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിനു സമീപം ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായിരുന്നു. രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചനവും ഉണ്ടായി. ദുരന്തത്തെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി എരിയേല്‍ ഹെന്റി രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തിന് പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്‌സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഹെയ്റ്റിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്‌സ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.