ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘; അഫ്ഗാന്റെ പേരുമാറ്റി താലിബാന്‍

അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂള്‍ വിമാനത്താവളം സംഘര്‍ഷാവസ്ഥയിലാണ്. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ ദിനങ്ങളാണെന്നും താലിബാന്‍ നേതാവ് മുല്ലാബരാദര്‍ പ്രഖ്യാപിച്ചു. മുല്ലാബരാദറാകും അഫ്ഗാനിസ്ഥാന്റെ അടുത്ത ഭരണത്തലവന്‍ .

അതേസമയം അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.

വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്. അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തി. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി.

താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്. വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.