ഓണത്തിന് ഇടയ്ക്ക് കേന്ദ്രം വക ഇരുട്ടടി ; പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി
സാധാരണക്കാരുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിച്ചു കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ പുതുക്കിയ വില 866 രൂപ 50 പൈസ ആയി. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുണ്ട്. ഇതോടെ പുതുക്കിയ വില കൊച്ചിയില്‍ 1618 രൂപയാണ്. ഇന്നുമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഇതോടെ ഓണത്തിരക്കിനിടയില്‍ മലയാളികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. ഇതോടെ രാജ്യത്ത് സബ്‌സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പെട്രോളിന്റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്‌സിഡി നിര്‍ത്തലാക്കി.ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക (LPG) സബ്‌സിഡിയും നിര്‍ത്തലാക്കി. പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്‌സിഡി ഏതാണ്ട് പൂര്‍ണമായി ഇല്ലാതായി. സബ്‌സിഡി നിരക്കില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ മാത്രമേ ഇനിയുള്ളു. പോകാപോകേ അതും ഇല്ലാതാകുമെന്നാണ് സൂചന. ഇന്ധന സബ്‌സിഡി ഖജനാവിന് വലിയ ബാധ്യതയാണെന്നാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്.