സോളാര്‍ പീഡനം ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ
സോളാര്‍ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് പുറമേ, ഇപ്പോള്‍ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായായ മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സിബിഐയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് വിട്ടത്. തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അടക്കം നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്തെത്തിയും കൈമാറിയിരുന്നു.
ഇതിനെല്ലാം ഇടയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവുമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. 2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.
പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ മുന്‍കൈ എടുത്തത്. അതേസമയം കേസില്‍ ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘ഇടതുസര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ല’ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം കേസ് പരിപൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണ് എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു. പൊലീസ് സത്യം അറിയാന്‍ സാധിച്ചിട്ടില്ല സിബിഐക്കെങ്കിലും സാധിക്കട്ടെ ഹൈബി ഈഡന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ‘സോളാര്‍ കേസ് പരിപൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. നേരറിയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പൊലീസിന് കഴിഞ്ഞില്ല, സിബിഐക്ക് നേരറിയാന്‍ സാധിക്കട്ടെ’ ഹൈബി ഈഡന്‍ പറഞ്ഞു.