ചാണകം വിളി നിര്‍ത്തരുത് എന്ന് സുരേഷ് ഗോപി

‘ചാണകം’ വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും BJP നേതാവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ആ വിളി തുടരണമെന്നുകൂടി അദ്ദേഹം പറഞ്ഞു. ചാണകം വിളിയെ ക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു സുരേഷ് ഗോപി (Suresh Gopi). ‘ചാണകം’ എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് താരം പറഞ്ഞത്.

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി.താലിബാന്‍ വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചില്ല എങ്കിലും മറ്റ് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. അടുത്തിടെ, ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണെന്നും തന്നെ വിളിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഫോണ്‍ കോള്‍ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.