വിഷാദ രോഗിയായ പൂജ നടത്തി നഷ്ടമായത് രണ്ടു കോടി രൂപ

വിഷാദരോഗം മോശം സമയം മൂലമാണെന്നും അത് മാറ്റാന്‍ പൂജ നടത്താമെന്നും വിശ്വസിപ്പിച്ച് 44 കാരിയുടെ രണ്ടു കോടിയോളം കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. ആത്മീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു സഹോദരങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നാലു വര്‍ഷം കൊണ്ട് 1.8 കോടി രൂപ തട്ടിയെന്നാണ് പരാതി.

വിഷാദരോഗം അലട്ടിയിരുന്ന ഇവര്‍ 2016-ലാണ് ആത്മീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിലൂടെ ഉത്തര്‍ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്. വിഷാദം മാറ്റാന്‍ ക്ഷേത്രങ്ങളില്‍ പൂജകളും വഴിപാടുകളും ചെയ്താല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നല്‍കിത്തുടങ്ങി. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകള്‍ നടത്താന്‍ ഇവര്‍ കൂടി സഹായിക്കാമെന്ന് ഏറ്റു. മോശം സമയം ആണ് എന്നും അത് മാറ്റാന്‍ വിശദമായ പൂജ വേണം എന്നും അവര്‍ ആവശ്യപ്പെട്ടു.

അത്തരം പൂജകള്‍ക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരി മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 57 മാസക്കാലയളവില്‍ പലതവണയായി 1.8 കോടി രൂപയാണ് അക്കൗണ്ടിലിട്ടു നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഏറെക്കാലം പൂജചെയ്തിട്ടും മാനസികമായി മെച്ചം കിട്ടാത്തതിനാല്‍ ഇവര്‍ സഹോദരങ്ങളെ ഫോണില്‍ വിളിച്ച് കാരണം ചോദിച്ചു. ഗുണമൊന്നും കിട്ടാതിനാല്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സഹോദരങ്ങള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.കേസില്‍ അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു.