സുനന്ദ പുഷ്‌കറിന്റെ മരണം ; ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2014ല്‍ നടന്ന സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്? കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്‍ അഡ്വ. വികാസ് പഹ്വയുടെ വാദം.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നും തരൂര്‍ വാദിച്ചു.