രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുബോഴും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ് കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ പകുതിയില്‍ കൂടുതലും കേരളത്തില്‍ ആണ് എന്നത് ശ്രദ്ധേയം. കഴിഞ്ഞ ദിവസത്തെ 530 മരണം കോവിഡ് ബാധ മൂലമെന്ന് സ്ഥിരീകരിച്ചു. നിലവില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ 50 കോടി സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 55 ദിവസം മാത്രം 10 കോടി സാംപിളുകള്‍ പരിശോധിച്ചു. 39,157 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. 97.53 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 530 പേര്‍ മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,33,049 ആയി. ആക്ടീവ് കേസുകള്‍ 3,64,129 ആണ്. 149 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.