രാമക്ഷേത്ര നിര്‍മാണ ഫണ്ടില്‍ വീണ്ടും തട്ടിപ്പ് ; ബിജെപി എം എല്‍ എയ്ക്ക് എതിരെ ആരോപണം
രാമക്ഷേത്ര നിര്‍മാണ ഫണ്ടില്‍ വീണ്ടും തട്ടിപ്പ് എന്ന് ആരോപണം. രാമക്ഷേത്ര ട്രസ്റ്റിനും ബിജെപി എംഎല്‍എക്കുമെതിരെ ഗുരുതര ആരോപണവുമായി അയോധ്യ മൂവ്മെന്റിന്റെ മുന്‍നിര നേതാവായിരുന്ന പുരോഹിതന് രംഗത്ത് വന്നു. ക്ഷേത്രനിര്‍മാണത്തിനായി ജനങ്ങളില്‍നിന്ന് സമാഹരിച്ച ലക്ഷങ്ങള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. അയോധ്യയിലെ ഹനുമാന് ഗാഡി ക്ഷേത്രത്തിലെ പുരോഹിതന് കൂടിയായ മഹന്ത് ധരംദാസ് ആണ് രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍, ബിജെപി എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന്റെ ചുമതലയുള്ള രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനങ്ങളില്‍നിന്ന് സമാഹരിച്ച പണം ഉപയോഗിച്ച് ക്ഷേത്രത്തിനെന്ന പേരില്‍ വാങ്ങിയ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ആരോപണം.
സെക്രട്ടറി ചമ്പത് റായ് അടക്കമുള്ള മുഴുവന്‍ രാംമന്ദിര്‍ ട്രസ്റ്റ് അംഗങ്ങള്‍, അയോധ്യയിലെ ഗോസായ്ഗഞ്ചിലെ ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരി, അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യായയുടെ അനന്തരവന്, ഫൈസാബാദ് സബ് രജിസ്ട്രാര്‍ എസ്ബി സിങ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസികള്‍ നല്കിയ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി വാങ്ങിയതില്‍ നടത്തിയ തട്ടിപ്പും ധനദുര്‍വിനിയോഗവും അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിനു വേണ്ടി വാങ്ങിയ 676 ചതുരശ്ര മീറ്റര്‍ സ്ഥലത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് വിവാദം. ഈ ഭൂമി മഹന്ത് ദേവേന്ദ്രപ്രസാദാചാര്യ അയോധ്യ മേയര്‍ ഋഷികേഷിന്റെ അനന്തരവന് ദീപ് നാരായണന് 20 ലക്ഷത്തിനാണ് വിറ്റത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. എന്നാല്‍, ഇതേ സ്ഥലം കഴിഞ്ഞ മേയില്‍ 2.5 കോടി രൂപയ്ക്കാണ് ദീപ് നാരായണില്‍നിന്ന് രാമക്ഷേത്ര ട്രസ്റ്റ് വാങ്ങിയത്. ഏകദേശം 35 ലക്ഷത്തിന്റെയടുത്ത് വിലമതിപ്പുള്ള ഭൂമിയാണ് വന്‍വിലയ്ക്ക് ട്രസ്റ്റ് വാങ്ങിയതെന്നാണ് ആരോപണം. എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരി, ട്രസ്റ്റ് ചുമതലക്കാരന് അനില്‍ മിശ്ര എന്നിവരുടെയെല്ലാം അറിവോടെയായിരുന്നു ഈ ഇടപാടെന്ന് ധരംദാസ് പറയുന്നു. ചമ്പത് റായിയെ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി ചുമതലകള്‍ അയോധ്യയിലെ പുരോഹിതന്മാര്ക്ക് കൈമാറണമെന്ന് ധരംദാസ് ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.