അഫ്ഗാന്‍ ഒരു മരുഭൂമി അല്ല ; അഫ്ഗാന്‍ ചരിത്രം

നെവിന്‍ ജെയിംസ്

വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശം. ചരിത്രത്തിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവര്‍ പോലും അഫ്ഗാനിസ്ഥാനെ പറ്റി വലിയ പോസ്റ്റുകള്‍ ഇട്ട് വെറുപ്പിക്കല്‍ തുടരുകയാണ്. പലരുടെയും പോസ്റ്റുകള്‍ കണ്ടാല്‍ സഹാറ മരുഭൂമി പോലെ ഒരു പ്രദേശമാണ് അഫ്ഗാന്‍ എന്ന് തോന്നിപ്പോകും. പ്രാകൃതരായ ഒരു ജനതയാണ് അവിടെ ജീവിക്കുന്നത് എന്നും തോന്നല്‍ ഉണ്ടാകും. പലര്‍ക്കും ഹോളിവുഡ് സിനിമകളില്‍ കണ്ട അറിവ് മാത്രമേ അഫ്ഗാനെ പറ്റി ഉള്ളു എന്നതാണ് സത്യം. ഇതിനിടയിലാണ് ചരിത്രാന്വേഷികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റ് ശ്രദ്ധേയമാകുന്നത്. നെവിന്‍ ജെയിംസ് എന്ന ഗ്രൂപ്പ് അംഗം എഴുതിയ ആ കുറിപ്പില്‍ അഫ്ഗാന്റെ യഥാര്‍ത്ഥ മുഖം നമുക്ക് കാണുവാന്‍ കഴിയും.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

അഫ്ഗാനിസ്ഥാനില്‍ അഞ്ച് (2005 to 2010 ) വര്‍ഷം താമസിക്കാനും 2016 വരെ പല തവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു കാര്യങ്ങള്‍ ആ രാജ്യത്തെ പറ്റി പറയണം എന്ന് വിചാരിക്കുന്നു. അഫ്ഘാനിസ്ഥാനെ കുറിച്ച് വരുന്ന പല വാര്‍ത്തകളും അവിടെ പോയിട്ടില്ലാത്ത ലേഖകര്‍ എഴുതുന്നതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അഫ്ഘാന്‍ സൊസൈറ്റിയെ കുറിച്ച് ഇപ്പോള്‍ നമുക്കുള്ള അറിവുകള്‍ വളരെ പരിമിതമാണ്. പഷ്തൂണ്‍ കാരെ കാണിക്കുന്ന പല ഇന്ത്യന്‍ സിനിമകളിലും പറയുന്ന ഭാഷ അവരുടേതല്ല. അവര്‍ ഒരിക്കലും ധരിക്കാന്‍ സാധ്യത ഇല്ലാത്ത വസ്ത്രങ്ങളും തൊപ്പിയുമൊക്കെയാണ് സിനിമയില്‍ കാണിക്കുന്നത്. പഷ്തൂണ്‍ (പഠാന്‍) താക്കുര്‍ സൗഹൃദമൊക്കെ ഒരുപാടു ഹിന്ദി സിനിമകളില്‍ വന്നിട്ടുണ്ട്.

പൊതുവെ പറയുന്ന പോലെ അഫ്ഘാനിസ്ഥാന്‍ ഒരു മരൂഭൂമിയോ ഊഷരമായ പര്‍വത പ്രദേശങ്ങള്‍ മാത്രമുള്ള ഒരു രാജ്യമല്ല. സുന്ദരമായ താഴ്വാരങ്ങളും, മഞ്ഞു മൂടിയ പര്‍വ്വതങ്ങളും, നദികളും, മനോഹരങ്ങളായ ആപ്പിള്‍, ചെറി, മുന്തിരി തോട്ടങ്ങളൊക്കെ ഉള്ള സെന്‍ട്രല്‍ ഏഷ്യയുടെ ഫ്രൂട്ട് ബാസ്‌കറ്റ് എന്ന് വരെ വിളിക്കാവുന്ന ഒരു സുന്ദര പ്രദേശം കൂടിയാണ്. പഞ്ചശീര്‍ താഴ്വാരവും, ഹിന്ദുകുഷ് പര്‍വത പ്രദേശങ്ങളും ഒക്കെ വളരെ മനോഹരമായ കാഴ്ചകളാണ്. അവിടുത്തെ ഡ്രൈ ഫ്രൂട്ട്‌സിന്റെ ക്വാളിറ്റി ലോകപ്രശസ്തമാണ്. കാണ്ഡഹാര്‍ അനാര്‍ എന്ന് വിളിക്കുന്ന വലുപ്പവും മധുരവും ഏറെയുള്ള മാതളനാരങ്ങയ്ക്കും ആരാധകര്‍ ഏറെയാണ്.

കാബൂള്‍ ഒരു കാലത്തു പാരീസ് ഓഫ് സെന്‍ട്രല്‍ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂള്‍ തെരുവുകള്‍ ഒരു പാട് യൂറോപ്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. അമേരിക്ക 2001 ഇല്‍ താലിബാനെ പുറത്താക്കിയ ശേഷം കാബൂള്‍, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാര്‍, ജലാലാബാദ് എന്നീ നഗരങ്ങള്‍ ഒരുപാടു വികസിക്കുക ഉണ്ടായി. കുറച്ചുകൂടി പുരോഗമന ചിന്താഗതികള്‍ കാബൂള്‍, ഹെരാത്, മസാരേഷരിഫ് എന്നീ നഗരങ്ങളില്‍ ആയിരുന്നു. അന്ന് മുതല്‍ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളില്‍ എല്ലാം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുകയും സ്ത്രീകള്‍ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകള്‍ ആയിരുന്നു എംപ്ലോയീസ്.


അഫ്ഘാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. വെജിറ്റേറിയന്‍ എന്ന concept അവര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ലോക്കല്‍ റെസ്റ്റാറ്റാന്റില്‍ ചെന്ന് വെജിറ്റേറിയന്‍ ഫുഡ് ചോദിച്ചാല്‍ നോണ്‍ വെജ് ഫുഡിലെ മാംസക്കഷണങ്ങള്‍ എടുത്തു മാറ്റി വെജ്ജാക്കി കൊണ്ടുത്തരും. 2003 മുതല്‍ 2010 വരെ വിദേശിയര്‍ക്കായി കാബൂള്‍ നഗരത്തില്‍ ഒരുപാടു നൈറ്റ് ക്ലബ്ബുകള്‍ ഓപ്പണ്‍ ആയിരുന്നു. ആദ്യമൊക്കെ ലോക്കല്‍സിനും പാകിസ്താന്‍കാര്‍ക്കും അവിടെ പ്രവേശനം ഇല്ലാരുന്നു. പാസ്‌പോര്ട്ട് നോക്കിയാരുന്നു എന്‍ട്രി. പിന്നീട് സ്വാധീനമുള്ള ലോക്കല്‍സും കൂടി അവിടെ എത്താന്‍ തുടങ്ങിയപ്പോള്‍ ഗവണ്മെന്റ് അതൊക്കെ നിരോധിക്കുക ഉണ്ടായി.

അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവന്‍ നീളുന്ന പാട്ടും ഡാന്‍സുമൊക്കെ ഉള്ള വലിയ ആഘോഷങ്ങള്‍ ആണ്. അഫ്ഘാനിസ്ഥാനിലെ വിവിധ ജനവിഭാഗങ്ങളില്‍ പഷ്ത്തൂണുകളെക്കാളും മോഡേണ്‍ ഔട്‌ലൂക്കും വിദ്യാഭാസവും താജിക് വംശജര്‍ക്കാണ്. ബിസിനെസ്സിലും അവരാണ് മുന്നില്‍. മംഗോളിയന്‍ ഛായ ഉള്ള ഹസാരകള്‍ക്കു അവിടെ വലിയ പരിഗണന ഉണ്ടെന്നു കരുതാന്‍ വയ്യ. പഷ്ത്തൂണുകള്‍ കൂടുതലും യുദ്ധസമയത്തു പാകിസ്ഥാനിലാണ് അഭയാര്‍ഥികളായി പോയത്, താജിക്കുകളും ഹസാരകളും ഇറാനിലും. ഒരു തലമുറയുടെ വിദ്യാഭാസവും ജീവിതവുമൊക്കെ ഈ നാടുകളിലാരുന്നു.

അതുകൊണ്ടു തന്നെ ഈ ഒരു cultural ഡിഫറെന്‍സ് നമുക്കിവിടെ കാണാന്‍ കഴിയും. പഷ്ത്തൂണുകളാണ് ക്രിക്കറ്റ് പോപ്പുലര്‍ ആക്കിയത്. അഫ്ഘാന്‍ കാര്‍ പൊതുവെ എല്ലാരും തന്നെ ഉറുദു / ഹിന്ദി സംസാരിക്കും. പാകിസ്ഥാനില്‍ പോയവര്‍ അങ്ങിനെയും മറ്റുള്ളവര്‍ ഹിന്ദി സിനിമയും സീരിയലുകളുമൊക്കെ കണ്ടിട്ടും. Airtel ഡിഷ് ആന്റിനകള്‍ അവിടെ എല്ലായിടത്തും കാണാം. ഇന്ത്യയില്‍ നിന്നും അനധികൃതമായി കൊണ്ടുവരുന്നതാണ്. ഇന്ത്യന്‍ സീരിയലുകള്‍ പിന്നീട് ലോക്കല്‍ ലാംഗ്വേജ് ആയ ദാരിയില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. പഷ്തൂ സംസാരിക്കുന്നവരാണ് അഫ്ഗാനിസ്ഥാനില്‍ ഭൂരിപക്ഷം എന്നാല്‍ കാബൂള്‍ നഗരത്തില്‍ ദാരിയാണ് സംസാരഭാഷ.


ബോളിവുഡ് അവിടെ ഒരു വികാരമാണ്. ഈ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാവുന്ന മുന്നേ ഒരുപാടു ഹിന്ദി സിനിമകള്‍ അഫ്ഗാനിസ്ഥാനില്‍ ഷൂട്ട് ചെയ്തട്ടുണ്ട്. നമ്മുടെ ഖാന്‍ മാരുടെ (ആമിര്‍, സല്‍മാന്‍, ഷാരുക്ക്, സൈഫ്, ദിലീപ് കുമാര്‍, ഫിറോസ് ഖാന്‍) പഷ്തൂണ്‍ ഹെറിറ്റേജ് അവര്‍ക്കു ഭയങ്കര അഭിമാനമാണ്. കാബൂളിലെ തെരുവുകളില്‍ ഒന്ന് കറങ്ങിയാല്‍ കാണാം ബോളിവുഡില്‍ കൊണ്ടുവരാന്‍ പറ്റിയ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരിമാരെയും.
അവിടുത്തെ സെലിബ്രിറ്റീസ് ഒക്കെ ഗായകരാണ്. അവരെല്ലാവരും തന്നെ US, യൂറോപ്യന്‍ പൗരന്മാരാണ്. താലിബാന്‍ ഇതിനൊക്കെ എതിരാണെങ്കിലും അഫ്ഗാനിസ്ഥാനു വളരെ സമ്പന്നമായ ഒരു സംഗീത പാരമ്പര്യമുണ്ട്.

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍ ഉപയോഗിക്കുന്ന സരോദ് അഫ്ഗാന്‍ സംഗീതോപകരണമായ റുബാബില്‍ നിന്നും ഉത്ഭവിച്ചതാണ്.
പണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ പഷ്ത്തൂണുകള്‍ ഇവിടെ പത്താന്മാരെന്നും പട്ടാണികളെന്നും അറിയപ്പെട്ടു. അവര്‍ സംഗീതത്തിലും സിനിമയിലൊമൊക്കെ ഒരുപാടു സംഭാവനകള്‍ തന്നിട്ടുമുണ്ട്. അധോലോകത്തിലെ സംഭാവനകളും ഈ അവസരത്തില്‍ പരാമര്‍ശിക്കാതെ വിടുന്നില്ല …പത്താന്‍ ഗ്യാങ് എന്നറിയപ്പെട്ടിരുന്ന കരിം ലാല ഗ്യാങ് ഒരു കാലത്തു ബോംബെ അധോലോകത്തിലെ ഒരു സ്വാധീന ശക്തി ആയിരുന്നു. അഫ്ഘാനിസ്ഥാനിലെ കുനാറില്‍ ജനിച്ച കരിം ലാലയെന്ന അബ്ദുല്‍ കരിം ഷേര്‍ ഖാന്‍ അന്നത്തെ ബോംബെയെ വിറപ്പിച്ച മൂന്ന് അധോലോക നായകരില്‍ ഒരാളായിരുന്നു. ഹാജി മസ്താനും വരദരാജ മുതലിയാരുമായിരുന്നു മറ്റു രണ്ടു പേര്‍.

അഫ്ഗാന്‍ നഗരങ്ങളിലെ എലൈറ്റ് എന്ന് വിളിക്കാവുന്ന ആള്‍ക്കാരൊക്കെ പണ്ടേക്കു പണ്ടേ യൂറോപ്പിലും, അമേരിക്കയിലും കാനഡയിലുമൊക്കെ കുടിയേറി പാര്‍ത്തു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പുറത്തേക്കു കടക്കാന്‍ അവസരങ്ങള്‍ കിട്ടാതിരുന്ന ആള്‍ക്കാരാണ് അവിടെയൊക്കെ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കണ്ടുമുട്ടുന്നവരെല്ലാരും 2005 – 2016 കാലഘട്ടത്തില്‍ പോലും രാജ്യം വിട്ടു പോകാനുള്ള അവസരങ്ങളാണ് തേടി കൊണ്ടിരുന്നത്. മുജാഹിദീന്‍ പോരാട്ടവും,സിവില്‍ വാറും, താലിബാന്‍ ഭരണവും, പിന്നീട് നടന്ന US അധിനിവേശവുമൊക്കെ ആ രാജ്യത്തെ അത്രയ്ക്ക് തകര്‍ത്തു കളഞ്ഞിരുന്നു. കുറച്ചു രാജ്യസ്‌നേഹികളായ പ്രൊഫഷണല്‍സ് തിരിച്ചു വന്നു അഫ്ഗാനിസ്ഥാന്‍ പുനരുത്ഥാരണത്തെ സഹായിക്കുന്നുണ്ടെന്നുള്ളതും ഒരു യാഥാര്‍ഥ്യമാണ്.


അവിടെ 2005 – 2016 കാലഘട്ടത്തില്‍ ഒരിന്ത്യകാരനെന്ന നിലയ്ക്ക് തീവ്രവാദികളുടെ ഭീഷണി എപ്പോഴും ഉണ്ടാരുന്നു. മണല്‍ ചാക്കുകള്‍ ചുറ്റും വെച്ച 12 അടി പൊക്കമുള്ള മുള്ളുവേലി ചുറ്റിയ മതിലുള്ള, ഘടാഘടിയന്മാര്‍ AK 47 യുമായി കാവല്‍ നില്‍ക്കുന്ന ഗസ്റ്റ് housil ആയിരുന്നു താമസം. പുറത്തു പോകുമ്പോള്‍ കൂടെ ഗാര്‍ഡ്സ് ഉണ്ടാവും. ആ സമയത്താണ് മലയാളി ആയ മണിയപ്പനെ താലിബാന്‍കാര്‍ വധിച്ചത്. അത് അവിടെയുള്ള ഇന്ത്യക്കാരെയൊക്കെ വിഷമത്തിലാക്കിയിരുന്നു.

പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ഒഴിച്ചാല്‍ പൊതുവെ അഫ്ഘാന്‍ കാര്‍ക്ക് ഇന്ത്യക്കാരോട് സ്‌നേഹവും ബഹുമാനവുമാണ്. ഒരുപാടു സന്ദര്‍ഭങ്ങളില്‍ ആ സൗഹൃദം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്ട്ട് കണ്ടിട്ട് എയര്‍പോര്‍ട്ടിലുള്ള പല ലയര്‍ സെക്യൂരിറ്റി ചെക്ക് വരെ ഒഴിവാക്കി തന്നിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്റെ പാക്കിസ്ഥാന്‍ വിരോധത്തെക്കാളും കൂടുതലാണ് ഒരു അഫ്ഘാന്‍ കാരന്റെ പാക്കിസ്ഥാന്‍ വിരോധം.
ആ മനോഹരമായ നാട്, പഴയ പ്രതാപത്തിലും, സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.