താലിബാനെ പിന്തുണച്ച് പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍

താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തില്‍ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) തടയുന്ന ആക്ട്, ഐടി ആക്ട്, സിആര്‍പിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഞങ്ങള്‍ ഇത്തരത്തില്‍ ഭീകരവാദത്തെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പുലര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കമ്രൂപ്പ് മെട്രോപൊളിറ്റന്‍, ബാര്‍പേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളില്‍ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാര്‍, ഹൈലക്കണ്ടി, സൗത്ത് സല്‍മാര, ഗോല്‍പാറ, ഹൊജായ് ജില്ലകളില്‍ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ താലിബാന്‍ അനുകൂല പരാമര്‍ശങ്ങള്‍ക്കെതിരെ അസം പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ പറഞ്ഞു. ‘ഇത്തരക്കാര്‍ക്കെതിരെ ഞങ്ങള്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പോലീസിനെ അറിയിക്കുക,’ അവര്‍ ട്വീറ്റ് ചെയ്തു.