സിനിമാ താരം ചിത്ര അന്തരിച്ചു
പഴയകാല ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈ സാലിഗ്രാമത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക്. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വസതിയിലാണ് അന്ത്യം.
കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തല്‍, തമിഴ് ചിത്രങ്ങളായ അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിതാന്‍ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയില്‍ തിരക്കിലായതോടു കൂടി പഠനം പത്താം ക്ളാസില്‍ വച്ച് ഉപേക്ഷിച്ചു. 1983 ല്‍ പുറത്തിറങ്ങിയ ‘ആട്ടക്കലാശം’ ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടര്‍ന്നു ദീര്‍ഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു.18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ല്‍ തമിഴ് ചിത്രം ബെല്‍ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയല്‍ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു. നൂറിലധികം ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചു.
കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ചു. കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ ബിസിനസുകാരനായ വിജയരാഘവനെ വിവാഹം ചെയ്തു. മകള്‍: മഹാലക്ഷ്മി.