അഫ്ഗാന്‍ വിഷയം ; യുഎസിനെ വിമര്‍ശിച്ച് ടോണി ബ്ലെയര്‍

അഫ്ഗാന്‍ വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ അമേരിക്കയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തില്‍ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.

തന്ത്രപരമായി വിജയിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാന്‍ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തത്. ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് ടോണി ബ്ലെയര്‍ പ്രതികരിക്കുന്നത്. 2001ല്‍ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി.