അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ ; മൂന്ന് വിമാനങ്ങളിലായി ഇന്ന് തിരിച്ചെത്തിച്ചത് 400 പേര്‍
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. ഇന്ന് മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിസ്താനില്‍ നിന്ന് തിരിച്ചെത്തിച്ചു. 390 ഇന്ത്യന്‍ പൗരന്മാരും രണ്ട് നേപ്പാള്‍ പൗരന്മാരുമാണ് ഇന്ന് ഇന്ത്യയില്‍ തിരികെയെത്തിയിരിക്കുന്നത്. ഇതില്‍ 50 പേര് മലയാളികളാണ്. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.
107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉള്‍പ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് ഹിന്‍ഡോണ്‍ എയര്‍ ബെയ്സില്‍ ഞായറാഴ്ച എത്തിയത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉള്‍പ്പെടുന്ന മറ്റൊരു സംഘം താജികിസ്താനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്താനില്‍ എത്തിച്ചത്.
കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുള്‍പ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിച്ചു. പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തര്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതില്‍ 2,500ല്‍ അധികം പേര്‍ യുഎസ് പൗരന്‍മാരാണ്.