പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ എന്ന് റിപ്പോര്‍ട്ട്
കോട്ടയത്തു ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ വിവാദ റിപ്പോര്‍ട്ട്. പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ ആശുപത്രിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി.
വാക്സിനെടുത്ത ശേഷം അസ്വസ്ഥതകള്‍ കാണിച്ച മഹിമ മാത്യുവിനെ ഡോക്ടറെ കാണിച്ചെങ്കിലും അത് ഗര്‍ഭകാലത്ത് സാധാരണമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പിന്നീട് നില വഷളാവുകയും തലയിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയുമായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്സിന്‍ മൂലമാണ് രക്തസ്രാവമുണ്ടായത് എന്ന് പറയാന്‍ സാധിക്കൂകയുള്ളൂ എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം ആറിനായിരുന്നു മഹിമ വാക്സിന്‍ സ്വീകരിച്ചത്. നാല് ദിവസത്തിന് ശേഷം കടുത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അവശ നിലയിലായതിനെ തുടര്‍ന്ന് മഹിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.