ഓണക്കുടിയില്‍ പതിവ് തെറ്റിക്കാതെ കേരളം
പതിവ് പോലെ ഈ ഓണക്കാലവും മലയാളി കുടിച്ചു തീര്‍ത്തു. കൊറോണയും ലോക്ക് ഡൗണും ഒന്നും വിട്ടു പോയില്ല എങ്കിലും ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വ്യാപാരം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഇതില്‍ 60 കോടി വിദേശ മദ്യവില്‍പ്പനയിലൂടെയാണ് ലഭിച്ചത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 60 കോടിയില്‍ എത്തിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലെമ്പാടും പ്രവര്‍ത്തിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിര്‍ജ്ജീവമായിരുന്ന വിപണിയില്‍ ക്രിയാത്മകമായ ചലനമുണ്ടാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.