ഓണം കഴിഞ്ഞു ; കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ? അവലോകന യോഗം നാളെ
ഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് അവലോകന യോഗം നാളെ ചേരും. സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കും. ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നല്‍കിയ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. പരമാവധി പേര്‍ക്ക് വാക്സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വാക്സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വാക്സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ടി.പി.ആര്‍ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. അതേസമയം ഇനിയും അടച്ചിടല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓണത്തിനോട് അനുബന്ധിച്ചുള്ള ഇളവുകള്‍ കോവിഡ് വ്യാപനത്തിന് കാരണമാവുമോ എന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്.