ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍ ; സെപ്തംബര്‍ ഒന്നുമുതല്‍ തിരികെ എത്താം

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍. രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് തിരിച്ചെത്താം. രണ്ടാമത് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താനാവുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നീക്കിയത്. ഒമാന്‍ അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് തിരിച്ചെത്താനാവുക.

ഓക്‌സ്ഫഡ് ആസ്ട്രാസെനക്ക, ഫൈസര്‍, സ്പുട്‌നിക്ക്, സിനോവാക്ക് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. കര, കടല്‍, വ്യോമ അതിര്‍ത്തി വഴി ഒമാനിലേക്ക് വരുന്നവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. നാലുമാസമായി ഒമാനിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് ആയിരങ്ങളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. അവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. വിവിധ വിമാന കമ്പനികള്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചേക്കുമെന്നാണ് സൂചന.