ഗോള്‍ഡ് വിസ ഏറ്റു വാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും ; എന്താണ് യുഎഇ ഗോള്‍ഡന്‍ വിസ

മലയാളത്തിലെ മെഗാ താരങ്ങള്‍ ആയ മമ്മൂട്ടിയും മോഹന്‍ലാലും യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറിയത്. ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നല്‍കുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി പറഞ്ഞു. വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്കൊപ്പമാണ് വിസ സ്വീകരിക്കാനായി ഇരുവരും എത്തിയത്.

മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി പ്രതികരിച്ചു. യു എ ഇ ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. അതേസമയം മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് യുഎഇ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. എല്ലാ ഡോക്ടര്‍മാര്‍ക്കും 10 വര്‍ഷത്തെ വിസ നേടാന്‍ പുതിയ നിയമപ്രകാരം കഴിയും. പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യുഎഇ ഇത്തരമൊരു തീരുമാനം എടുത്തത്.

കൂടാതെ പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ആക്റ്റീവ് ടെക്‌നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുഎഇ ഇന്‍വെന്റേഴ്‌സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്പദ്വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞര്‍ എമിറേറ്റ്‌സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്‌സലന്‍സിന്റെ അംഗീകാരമുള്ളവരായിരിക്കണം. കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍. 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.