കന്നഡ സിനിമാ നടിമാരായ സഞ്ജനയും രാഗിണിയും ലഹരി ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വിവാദ മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചു. കേസില്‍ നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കേസില്‍ ഇവന്റ് മാനേജര്‍ വിരേന്‍ ഖന്ന, നടന്‍ വിവേക് ഒബ്റോയിയുടെ ബന്ധു ആദിത്യ ആല്‍വ എന്നിവരും അറസ്റ്റിലായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വിരേന്‍ ഖന്നയും മറ്റൊരു പ്രതി രാഹുല്‍ ടോന്‍സും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ മുടികളാണ് പരിശോധനയ്ക്ക് അയച്ചത്.ഹെയര്‍ ഫോലിക്ള്‍ ടെസ്റ്റ് അല്ലെങ്കില്‍ ഹെയര്‍ ഡ്രഗ് ടെസ്റ്റ് എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ലഹരിക്കേസില്‍ മുടി പരിശോധനയ്ക്ക് അയക്കുന്നത്. ഉപയോഗം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാലും ലഹരിയുടെ സാന്നിധ്യം കണ്ടുപിടിക്കാനാകും എന്നതാണ് പരിശോധനയുടെ സവിശേഷത. സാധാരണ ഗതിയില്‍ ലഹരി ഉപയോഗം കണ്ടെത്താന്‍ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകളാണ് ഉപയോഗിക്കുന്നത്. 48 മണിക്കൂറിനുള്ളിലെ പരിശോധനയില്‍ മാത്രമേ ഇവയില്‍ ഉപയോഗം കണ്ടെത്താനാകൂ.

2020 സെപ്തംബറിലാണ് സഞ്ജന ഗല്‍റാണിയെയും രാഗിണി ദ്വിവേദിയെയും പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബറില്‍ സഞ്ജനയ്ക്കും 2021 ജനുവരിയില്‍ രാഗിണിക്കും ജാമ്യം ലഭിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സഞ്ജന പ്രതികരിച്ചു. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. കേസില്‍ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. താരങ്ങളടക്കം പങ്കെടുക്കുന്ന പാര്‍ട്ടികളിലെ ലഹരി മരുന്ന് മാര്‍ക്കറ്റിങ് ഏജന്റായി ഷെട്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.