ടി പി വധം ; മുഖ്യപ്രതി കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി

കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളില്‍ ഒന്നാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. ഏറെ കോളിളക്കം സൃഷ്ട്ടിച്ച ആ കേസില്‍ മുഖ്യ പ്രതികള്‍ എല്ലാം അഴികള്‍ക്ക് ഉള്ളില്‍ ആയി എങ്കിലും ചന്ദ്രശേഖരനു നീതി കിട്ടിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് ഇപ്പോഴും നായക പരിവേഷം തന്നെയാണ് സി പി എമ്മില്‍. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്. ആകാശ് തില്ലങ്കേരി ഇട്ട ഒരു പോസ്റ്റ് ആണ് കേസിലെ മുഖ്യ പ്രതി കൂടിയായ കൊടി സുനിക്ക് ഹീറോ പരിവേഷം നല്‍കുന്നത്. പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ വായിച്ചാല്‍ കൊടി സുനിയെ പോലുള്ളവര്‍ക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെ ഉണ്ട് എന്ന് മനസിലാകും.

നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണമെന്നും പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെയെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊടി സുനിയുടെ ചിത്രവും ആകാശ് തില്ലങ്കേരി പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം..
ഇത് ആള് വേറെയാണ് ,
ചെങ്കൊടിക്ക് ചോപ്പ് കൂട്ടാന്‍ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്കു ചോദിക്കുന്നവന്‍ ,
വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്‍ ,
അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..
പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ…
തരത്തില്‍ പോയി കളിക്ക് മക്കളെ ..?