ഇന്ത്യയുണ്ടാക്കിയതെല്ലാം മോദി വില്‍ക്കുന്നു : രാഹുല്‍ഗാന്ധി

70 വര്‍ഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവര്‍ തന്നെ രാജ്യത്തിന്റെ 70 വര്‍ഷത്തെ ആസ്തികള്‍ വില്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോണ്‍ഗ്രസ് നടത്തിയത്. റെയില്‍വേ, വാതക പൈപ്പ്‌ലൈന്‍, വൈദ്യുതി ലൈനുകള്‍, ദേശീയപാതകള്‍ തുടങ്ങി നിര്‍ണായക മേഖലകള്‍ പതിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന, വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോണ്‍ഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികളെ കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികള്‍ക്കുള്ള സൗജന്യ സമ്മാനമാണ്. വില്‍പനക്ക് വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് നഷ്ടപ്പെടും. യുവജനങ്ങള്‍ക്ക് പണി നല്‍കുന്നത് കോര്‍പറേറ്റുകളുടെ ഉത്തരവാദിത്തമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.