ജൂണില്‍ വി ഐ വിട്ടത് 43 ലക്ഷം ആളുകള്‍

സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയില്‍ വി ഐക്ക് വീണ്ടും തിരിച്ചടി. 42.89 ലക്ഷം വരിക്കാരെയാണ് ജൂണ്‍ മാസത്തില്‍ അവര്‍ക്ക് നഷ്ടമായത്. ഇതോടെ മൊത്തം വി.ഐയുടെ മൊത്തം വരിക്കാരുടെ എണ്ണം 27.33 കോടിയായി. എയര്‍ടെലിന് 38.12 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോള്‍ മൊത്തം വരിക്കാരുടെ എണ്ണം 35.21 കോടിയായി. ബി.എസ്.എന്‍.എല്ലിന് ജൂണില്‍ 9.93 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.53 കോടിയിലേക്ക് കുറഞ്ഞു.

എന്നാല്‍ ഇത് നേട്ടമായത് ജിയോയ്ക്ക് ആണ്. ജൂണില്‍ 54 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെയാണ് ജിയോ നേടിയത്. എയര്‍ടെലും ഈ കണക്കില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബി.എസ്.എന്‍.എല്‍, വി.ഐ എന്നിവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 43.66 കോടിയാണ്.

രാജ്യത്ത് മൊത്തം വയര്‍ലെസ് വരിക്കാര്‍ ജൂണ്‍ അവസാനത്തോടെ 1,180.83 ദശലക്ഷമായി ഉയര്‍ന്നെന്നും ഉപയോക്താക്കളുടെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.34 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയില്‍ പറയുന്നു. ജൂണില്‍ 12.27 ദശലക്ഷം വരിക്കാര്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി (എംഎന്‍പി) അപേക്ഷ സമര്‍പ്പിച്ചുവെന്നു ഇതുവരെയുള്ള എംഎന്‍പി അപേക്ഷകള്‍ മേയിലെ 593.61 ദശലക്ഷത്തില്‍ നിന്ന് ജൂണില്‍ 605.88 ദശലക്ഷമായി വര്‍ധിച്ചുവെന്നും ട്രായുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.