മൂന്നു വയസുള്ള മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു ; കുട്ടികള്‍ മൃതദേഹത്തിനരികില്‍ ഇരുന്നത് മൂന്ന് മണിക്കൂര്‍

ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ കലൂര്‍ സ്വദേശി ജോര്‍ജിന്റെ ഏക മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്. മക്കളുമൊത്ത് രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയ ജിതിന്‍ വഴിയരികില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചത് അറിയാതെ മൂന്നു വയസുള്ള ഇരട്ടക്കുട്ടികള്‍ മൂന്ന് മണിക്കൂറോളം അച്ഛന്റെ മൃതദേഹത്തിനരികില്‍ ഇരുന്നു.ജിതിന്റെ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയുമാണ് അച്ഛന്റെ മൃതദേഹത്തിന് അരികില്‍ മൂന്നു മണിക്കൂറോളം ഇരുന്നത്. രാവിലെ ആറുമണിയോടെ ഇതുവഴി പത്രവിതരണത്തിന് എത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. യുവാവ് വഴിയരികില്‍ കിടക്കുന്നതും സമീപത്ത് രണ്ടു കുഞ്ഞങ്ങള്‍ കരയുന്നതുമാണ് ഇയാള്‍ കണ്ടത്. അടുത്തെത്തി പരിശോധിച്ചപ്പോള്‍ യുവാവ് മരിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ജോലി ആവശ്യത്തിനായി ബെംഗളരൂവിലാണ് ക്രിസ്റ്റീന. ജിതിനും കുടുംബവും താമസിച്ചിരുന്ന കാക്കനാട്ടെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മക്കളുമൊത്ത് ഒരാഴ്ച മുമ്പ് വലിയ പഴമ്ബിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. ജിതിന്റെ അച്ഛന്‍ വിദേശത്താണ്. മാതാവ് ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി നാട്ടിലുണ്ടായിരുന്നു. കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം.

റിസോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടര മണിക്കാണ് ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. ഇവര്‍ ഇത്രയും നേരത്തെ നടക്കാനിറങ്ങിയത് എന്തിനാണെന്നത് പൊലീസിനെ കുഴയ്ക്കുന്നു. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.