കൊച്ചി ലഹരിമരുന്ന് കേസില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം
കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഉദ്യോഗസ്ഥ അട്ടിമറി. എക്‌സൈസ് അറസ്റ്റ് ചെയ്യാതെ ചെയ്യാതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കസ്റ്റംസ്, എക്‌സൈസ് സംയുക്ത പരിശോധനയ്ക്ക് മുന്‍പായിരുന്നു സംഭവം. പരിശോധനയില്‍ കണ്ടെത്തിയ മാന്‍ കൊമ്പും അപ്രത്യക്ഷമായി. ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം അന്വഷിക്കാന്‍ എക്‌സൈസ് അഡീഷണല്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. രാജ്യാന്തരബന്ധങ്ങളുള്ള മയക്കുമരുന്ന് കേസില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച പ്രതികള്‍ക്ക് സംഭവത്തില്‍ ഉള്ള പങ്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാക്കനാട്ടെ സ്വകാര്യ ഹോട്ടലില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്വാകഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികള്‍ മുറയില്‍ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്നത്. കവര്‍ കയ്യിലെടുത്ത് പോകുന്നത് അറസ്റ്റിലായ ഷബ്‌നയാണ്, കൂടെയുള്ളത് എക്‌സൈസ് ചോദ്യം ചെയ്യുകപോലും ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശിയായ സ്ത്രീയും. റെയ്ഡിനെത്തിയ സംഘത്തിന് ലഭിച്ച് 84 ഗ്രാം എംഡിഎംഎ മാത്രം. പ്രതികള്‍ ഒളിപ്പിച്ച 1 കിലോ എംഡിഎംഎ യ്ക്ക് പ്രതിയുമില്ല, സാക്ഷിയുമില്ല. ഈ ദൃശ്യങ്ങള്‍ കൈവശമുള്ളപ്പോഴാണ് എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് ആരോ വഴിപോക്കന്‍ പറഞ്ഞത് പ്രകാരം നടത്തിയ റെയ്ഡില്‍ കാര്‍ പോര്‍ച്ചില്‍ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. സംയുക്ത റെയ്ഡിനിടെ പ്രതികളില്‍ ഒരാളായ ഷ്ബനയുടെ ബാഗില്‍ നിന്ന് മാന്‍ കൊമ്പ് കണ്ടെത്തി. ഇത് എക്‌സൈസ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാല്‍ പിന്നീട് മഹസറിലോ, എഫ്‌ഐആറിലോ ഇതേകുറിച്ച് മിണ്ടാട്ടമില്ല. ആവിയായ ആ മാന്‍ കൊമ്പ് എവിടേക്ക് മാറ്റി എന്നതില്‍ ഉത്തരമില്ല.
പുറത്ത് വന്ന പുതിയ വിവരങ്ങള്‍ പരിശോധിക്കുമെന്നും, കര്‍ശനമായ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതുപോലെ റെയിഡ് നടന്ന സമയം പിടിയിലായ സംഘത്തില്‍ ഏഴുപേര്‍ ഉണ്ട് എന്നാണ് ആദ്യം വന്ന വിവരം. എന്നാല്‍ എഫ് ഐ ആറില്‍ അത് അഞ്ചായി ചുരുങ്ങി.