വര്‍ഗീയ കലാപത്തിനുള്ള ശ്രമം ; അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തില്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമെന്ന് പരാതിയില്‍ പറയുന്നു. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം.
‘അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇഎംഎസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്‌ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം’- അബ്ദുല്ലക്കുട്ടി പറഞ്ഞു.