അണയാതെ ഈശോ വിവാദം ; സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബറാക്രമണം

ഈശോ എന്ന സിനിമയുടെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് അവസാനമില്ല. ഈശോ’ സിനിമാ വിവാദവുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസം?ഗം കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ പ്രസംഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരെയാണ് ഇപ്പോള്‍ സൈബറാക്രമണം നടക്കുന്നത്. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും കമന്റുകളുണ്ട്. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. ആ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതാണ് ജീത്തു ജോസഫും പങ്കുവച്ചത്.

ഈ മ യൗ, ആമേന്‍ അടക്കമുള്ള സിനിമകള്‍ ഇറങ്ങിയപ്പോള്‍ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വാളെടുത്തിരിക്കുന്നതെന്നു ഫാദര്‍ ജെയിംസ് പനവേലില്‍ പറഞ്ഞിരുന്നു. തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ലെന്നും ഫാ. ജെയിംസ് പനവേലില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയും വൈദികന്‍ പ്രതികരിക്കുന്നുണ്ട്. പല കാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്റെ പേരില്‍ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നും വൈദികന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം :

‘സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കില്‍ ക്രിസ്തു ഇല്ല, ജീവിതത്തില്‍ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടന്‍ തന്നെ വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്.

ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.

ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.’