പുള്ളിപ്പുലികളുമായി ഫോട്ടോ ഷൂട്ട് ; ഗുരുതരമായി പരിക്കേറ്റ മോഡല്‍ ആശുപത്രിയില്‍

ജര്‍മ്മന്‍ മോഡലായ ജെസീക്ക ലീഡോള്‍ഫിനാണ്(36) പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജസീക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ ജെസിക്കയ്ക്ക് പരിക്കേറ്റത്. കിഴക്കന്‍ ജര്‍മ്മനിയിലെ ഒരു അനിമല്‍ ഹോമിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫോട്ടോസ് എടുക്കാന്‍ പുള്ളിപ്പുലികളുടെ കൂട്ടിലേക്ക് ചെന്ന ജെസീക്കയെ പുലികള്‍ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ ആരാണ് ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അനിമല്‍ ഹോം ഉടമയായ ബിര്‍ഗിറ്റ് സ്റ്റേച്ച് തയ്യാറായില്ല. ജസീക്ക ഒരു മൃഗസ്‌നേഹിയാണെന്നും മുന്‍പ് മൃഗങ്ങള്‍ക്കൊപ്പം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജസീക്കയെ ആക്രമിച്ച പുലികള്‍ പാനസോണികിന്റെ പരസ്യങ്ങളില്‍ മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനുഷ്യരുമായി ഇണക്കമുള്ള പുലികളാണ് ഇവ എന്നും ആക്രമിക്കാനുണ്ടായ സാഹചര്യം അറിയില്ല എന്നുമാണ് ജെസീക്കയുടെ സഹായികള്‍ പറയുന്നത്.