കാട്ടാനയില്‍ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കൊടുത്തു ഒരു നായ

മറയൂര്‍ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വളര്‍ത്തു നായയായ ടോമി സ്വന്തം ജീവന്‍ കൊടുത്തു തന്റെ യജമാനന്റെ കുടുംബത്തെ രക്ഷിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളില്‍ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പില്‍ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണില്‍ വളര്‍ത്തുനായ മാന്തിയതോടെ ഒറ്റയാന്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയില്‍ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളില്‍ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണില്‍ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

കാല്‍ കമ്പിവേലിയില്‍ കുരുങ്ങിയതിന്റെ കലിയില്‍ പാഞ്ഞെത്തിയ ആന, വീടിന്റെ മുന്‍വശത്തെ തൂണ് തകര്‍ക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടല്‍ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലില്‍ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തില്‍ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താന്‍ ടോമി ശ്രമിച്ചെങ്കിലും ആന ടോമിയെ തന്റെ കൊമ്പില്‍ കോര്‍ത്ത് തൂക്കിയെടുത്തു. ഇതിനിടെ ടോമി ആനയുടെ കണ്ണില്‍ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിന്‍വാങ്ങി. ആന പോയതോടെ, വീട്ടുകാര്‍ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നല്‍കി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.