കോവിഡ് അതി രൂക്ഷമായിട്ടും മുഖ്യമന്ത്രിയെ ആറുമണിക്ക് കാണാനില്ല എന്ന് വി മുരളീധരന്‍

കേരളത്തില്‍ നിലവിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്ന് മുരളീധരന്‍ ചോദിച്ചു. മുമ്പ് ദിവസവും വാര്‍ത്താ സമ്മേളനം നടത്തി കരുതല്‍ പഠിപ്പിച്ച മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണാനില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ഇത്രത്തോളം ഗുരുതരമായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി ഉണ്ടോ എന്ന് പോലും അറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.കേരളത്തിലെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു. രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാടുമ്പോള്‍ കേന്ദ്രം കള്ളം പറയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. ഇത് ശരിയല്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് ഇന്നലെ 46,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 31,000 കേസുകള്‍ കേരളത്തില്‍ നിന്നാണ്. ഇത് ആശങ്കജനകമായ സാഹചര്യമാണ്. 19 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ നിരക്ക്. കേരളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളം താരതമ്യേനെ മികച്ച നിലയിലായിരുന്ന കാലത്ത് വലിയ നേട്ടമായി അവതരിപ്പിച്ചവര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ഒരാളില്‍നിന്ന് നിരവധിയാളുകളിലേക്ക് രോഗം വ്യാപിക്കുന്ന സ്ഥിതിയാണുള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഓണത്തിന് ശേഷം രോഗവ്യാപം കൂടുതല്‍ രൂക്ഷമാകും. ഇത് നേരിടാനുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു. കേന്ദ്രം സഹായിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ കോവിഡ് വാക്‌സിന്‍ എവിടെനിന്നാണ് ലഭിച്ചത്? കൃത്യമായി വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടും വാക്‌സിനേഷനില്‍ കേരളം പിന്നിലാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് പ്രവാസി മലയാളികളെയാണ് സാരമായി ബാധിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ നെറ്റിചുളിക്കുകയാണ്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയും ഡല്‍ഹിയും സാധാരണനനിലയിലേക്ക് മാറിയത് അവര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചതുകൊണ്ടാണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.