ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

ലോക സൂപ്പര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. അതേസമയം, സിറ്റിയുടെ ചിരവൈരികളും തന്റെ മുന്‍ ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും, വരും മണിക്കൂറുകളില്‍ യുനൈറ്റഡ് കരാര്‍ 37-കാരന്റെ ഏജന്റിന് അയച്ചുകൊടുക്കുമെന്നും റൊമാനോ വ്യക്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്.

തുടര്‍ന്ന് താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ തുകയും സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ പിന്മാറ്റം. ഇന്ന് ഉച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള പോര്‍ച്ചുഗീസ് താരം അടുത്ത സീസണില്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലാവില്ല കളിക്കുക എന്നു സൂചിപ്പിച്ചിരുന്നു. എവിടെ കളിക്കണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് തീരുമാനിക്കാമെന്നും തന്റെ ക്ലബ്ബിലേക്കുള്ള ഒരു ട്രാന്‍സ്ഫറിന്റെ സാധ്യത അതിവിദൂരമാണെന്നും കോച്ച് പറഞ്ഞു. വാര്‍ത്താസമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്.

താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് കഴിഞ്ഞ ദിവസം മുതല്‍ യുനൈറ്റഡുമായുള്ള ചര്‍ച്ചയിലായിരുന്നുവെന്ന് റൊമാനോ പറയുന്നു. ക്രിസ്റ്റ്യാനോ ആറു വര്‍ഷത്തോളം കളിച്ച ചെലവഴിച്ച ക്ലബ്ബ് അനുകൂലമായി പ്രതികരിച്ചതോടെയാണ് കാര്യങ്ങളില്‍ വഴിത്തിരിവുണ്ടായത്. 2023 വരെയുള്ള കരാര്‍ ആയിരിക്കും ഓള്‍ഡ് ട്രാഫോഡ് ക്ലബ്ബ് താരത്തിന് നല്‍കുകയെന്നാണ് സൂചന. നേരത്തെ, മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ, യുനൈറ്റഡ് കോച്ച് ഒലെ ഗുണാര്‍ സോള്‍ഷേര്‍ ക്രിസ്റ്റ്യാനോയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. യുവന്റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയ്ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാതില്‍ തുറന്നുവെച്ചിട്ടുണ്ടെന്ന കാര്യം താരത്തിന് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യുനൈറ്റഡില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരം കൂടിയായിരുന്നു സോള്‍ഷേര്‍. എന്തായാലും ആരാധകര്‍ ആവേശത്തിലാണ്.