കൊവിഡ് അവലോകന യോഗം നാളെ ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന് ഉറ്റു നോക്കി കേരളം

കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നത് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു.

വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷന്‍ പൂര്‍ണ തോതില്‍ ആകണം. അല്ലാത്തവര്‍ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവര്‍ക്ക് വാക്‌സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം എന്നും മന്ത്രി പറഞ്ഞു.