സ്റ്റാലിന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്ന് കണ്ടെത്തി ഗവേഷകര്‍
സ്റ്റാലിന്റെ ഏകാധിപത്യ കാലഘട്ടത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്ന് കണ്ടെത്തി ഗവേഷകര്‍. ഉക്രെയിനിലെ തെക്കന്‍ നഗരമായ ഒഡെസയിലെ 29 ശവകുടീരങ്ങളില്‍ 5000 മുതല്‍ 8,000 വരെ ആളുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 1930 -കളുടെ അവസാനത്തിലേത് എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഒരു വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ശ്രദ്ധയില്‍ പെട്ടത്. സോവിയറ്റ് യൂണിയന്റെ ജോസഫ് സ്റ്റാലിന്‍ ഭരണകാലത്ത് ലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ മരിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1930 -കളുടെ അവസാനത്തിലായിരിക്കണം സോവിയറ്റ് രഹസ്യ പൊലീസ് യൂണിറ്റ് ഈയാളുകളെ കൊന്നിരിക്കുകയെന്ന് ഉക്രെയിനിന്റെ നാഷണല്‍ മെമ്മറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക ശാഖയുടെ തലവന്‍ സെര്‍ജി ഗുസ്താല്യുക് എഎഫ്പിയോട് പറഞ്ഞു. എന്നിരുന്നാലും മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഉക്രൈന്‍ഫോം വെബ്‌സൈറ്റ് പ്രകാരം ഒഡേസയില്‍ സോവിയറ്റ് രഹസ്യ പൊലീസിനാല്‍ 1938 -നും 1941 -നും ഇടയില്‍ 8600 ആളുകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. നാഷണല്‍ മെമ്മറി ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കത്തില്‍ പറഞ്ഞിരുന്നത്, സൈറ്റില്‍ വധിക്കപ്പെട്ടവരുടെ എണ്ണം കണക്കാക്കാനാവില്ല, എന്നാല്‍ ഉക്രെയ്‌നില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൂട്ടക്കുഴിമാടങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു എന്നാണ്.
സൈറ്റിന്റെ ചില ഭാഗങ്ങളില്‍ ഖനനം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇതിനകം കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട് എന്ന് ഇവിടെ പ്രവര്‍ത്തിച്ച ചരിത്രകാരന്മാരില്‍ ഒരാളായ അലക്‌സാണ്ടര്‍ ബാബിച്ച് ഫേസ്ബുക്കില്‍ പറഞ്ഞു. അടുത്തുള്ള പ്രദേശങ്ങളില്‍ ഇതുപോലെ വേറെയും ശവപ്പറമ്പുകള്‍ കണ്ടേക്കാം എന്നും അദ്ദേഹം പറയുന്നു. അതൊരു മിലിറ്ററി യൂണിറ്റിന്റെ സ്ഥലമാണ്. 1930 -കളില്‍ ജോസഫ് സ്റ്റാലിന്റെ അക്രമാസക്തമായ അടിച്ചമര്‍ത്തലിനിടെ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഉക്രേനിയന്‍ ചരിത്രകാരന്മാര്‍ പറയുന്നു. ഒഡെസയിലും ഉക്രെയ്‌നിലെ മറ്റ് സ്ഥലങ്ങളിലും മറ്റ് കൂട്ടക്കുരുതി നടന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വലിയ സൈറ്റുകളിലൊന്ന് തലസ്ഥാനമായ കിയെവിന് പുറത്തുള്ള വനമായ ബൈകിവ്നിയയിലാണ്. അവിടെ വധശിക്ഷയ്ക്ക് വിധേയരായ 200,000 -ലധികം രാഷ്ട്രീയ തടവുകാരെ അടക്കം ചെയ്തതായി ചില കണക്കുകള്‍ പറയുന്നു.