പ്രതിസന്ധികള്‍ക്കൊടുവില്‍ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയില്‍ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിന്നുവെങ്കിലും അത് ഉണ്ടായില്ല. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്രസാദ് ആണ് അധ്യക്ഷന്‍. മൂന്നിടങ്ങളില്‍ മുമ്പ് ഉയര്‍ന്നുകേട്ട പേരുകളില്‍ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വിവരം.

രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. കെ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാല്‍, സമ്മര്‍ദ്ദത്തിനൊടുവില്‍ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു. കോട്ടയത്ത് ഫില്‍സണ്‍ മാത്യൂസിന് സാധ്യത എന്ന സൂചനകള്‍ ശക്തമായിരുന്നു. യാക്കോബായ സമുദായംഗമായ ഫില്‍സണെ ചില താല്പര്യങ്ങളുടെ പേരില്‍ എ ഗ്രൂപ്പ് നിയോഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍, സംഘടനാരംഗത്ത് ഫില്‍സണ്‍ മാത്യൂസിനെക്കാള്‍ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പരഗിണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫില്‍സണ്‍ മാത്യൂസിനെ പരിഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളില്‍ തന്നെ വ്യാപക എതിര്‍പ്പു വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയില്‍ നേരത്തെ ഉയര്‍ന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാല്‍, പട്ടികയില്‍ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.

പാലക്കാട് എ തങ്കപ്പന്‍, മലപ്പുറം വി എസ് ജോയ്, കൊല്ലം പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പില്‍, എറണാകുളം മുഹമ്മദ് സിയാസ്, തൃശ്ശൂര്‍ ജോസ് വെള്ളൂര്‍, കോഴിക്കോട് അഡ്വ കെ പ്രവീണ്‍ കുമാര്‍, വയനാട് എന്‍ ഡി അപ്പച്ചന്‍ എന്നിവരാണ് മറ്റ് ഡിസിസി പ്രസിഡന്റുമാര്‍. സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കല്‍ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സ്വന്തം ജില്ലകളില്‍ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.