മൈസൂരു കൂട്ടബലാത്സംഗം ; അറസ്റ്റിലായ അഞ്ചുപേരും തമിഴ്‌നാട് സ്വദേശികള്‍
വിവാദമായ മൈസൂരു കൂട്ട ബലാല്‍സംഗക്കേസില്‍ അഞ്ചു പേര്‍ പിടിയില്‍. എം ബി എ വിദ്യാര്‍ഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ചുപേരെ മൈസൂരു പൊലീസ് ആണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരും തമിഴ്‌നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ് എന്നും പോലീസ് പറയുന്നു. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളില്‍ സ്ഥിരം കുറ്റവാളികളാണെന്നും ഒരാള്‍ പ്രായ പൂര്‍ത്തി ആകാത്ത ആളാണ് എന്നും പോലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്.
സംഘം സ്ഥിരമായി മൈസൂരു സന്ദര്‍ശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി കുന്നിന് സമീപം ലളിതാദ്രി നഗറില്‍ ഇവര്‍ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോള്‍ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആണ്‍ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി.
മൂന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ വിദ്യാര്‍ഥിനി ആശുപത്രി വിട്ടു. അവര്‍ സ്വദേശമായ മുംബൈയിലേക്ക് മടങ്ങിയെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹപാഠി ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. നേരത്തെ മലയാളികളായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ കേസില്‍ പൊലീസ് സംശയിച്ചിരുന്നു. ഇവര്‍ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എത്തി പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.