കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് പുതിയ പഠനം
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പുതിയ കണ്ടെത്തല്‍. കൊറോണ വൈറസ് ബാധ വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. രോഗം നേരത്തെ വന്ന് പോയവരില്‍ കൊവാക്സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മുമ്പ് കൊവിഡ് ബാധിച്ചവര്‍ക്ക് കൊവാക്സിന്‍ ഒറ്റ ഡോസ് മതിയെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായി. ഇത് രാജ്യത്തെ വാക്സീന്‍ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ കൊവിഡ് നേരത്തെ വന്നവര്‍ക്കും രണ്ട് ഡോസ് വാക്സീനാണ് നിര്‍ദേശിച്ചിരുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് കൊവാക്സീന്‍. ഭാരത് ബയോടെക്കാണ് ഉല്‍പാദകര്‍. ഫെബ്രുവരി മുതല്‍ മെയ് വരെ കൊവാക്സിന്‍ സ്വീകരിച്ച 114 ആരോഗ്യപ്രവര്‍ത്തകുടെ രക്തസാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്. കൊവിഡ് നേരത്തെ വന്ന് പോയവരില്‍ കൊവാക്സിന്‍ ഒറ്റ ഡോസ് വാക്സീന്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്ത് ഇപ്പോള്‍ നല്‍കുന്ന വാക്സീനുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒഴികെ മറ്റുള്ളവയെല്ലാം രണ്ട് ഡോസാണ് നല്‍കുന്നത്. കൊവിഡ് വന്നുപോയവരില്‍ ആന്റിബോഡി സ്വാഭാവികമായുണ്ടാകുമെന്നും അതുകൊണ്ടുതന്നെ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീന്‍ സ്വീകരിക്കാവൂവെന്നുമാണ് നിലവിലെ മാനദണ്ഡം.